ലണ്ടൻ: യു.കെയിൽ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജു (52) വിനെ നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 2023 ഏപ്രിലിൽ സാജു കുറ്റം സമ്മതിച്ചിരുന്നു. 2022 ഡിസംബറിലാണ് യു.കെയിൽ നഴ്സായ വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാൻവി (4), ജീവ(6) എന്നിവർ കൊല്ലപ്പെട്ടത്. നോർത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടിൽവെച്ചായിരുന്നു സാജു മൂന്നുപേരേയും ആക്രമിച്ചത്. അഞ്ജു സംഭവസ്ഥലത്തുവെച്ചും മക്കൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മൂന്നുപേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിൽ മദ്യലഹരിയിൽ കൊലനടത്തുകയായിരുന്നെന്നാണ് സാജുവിന്റെ മൊഴി. അഞ്ജുവിനെക്കൊന്ന് നാലുമണിക്കൂർ ആലോചിച്ചശേഷമാണ് കുട്ടികളെ കൊന്നത്. കെറ്ററിങ് ജനറൽ ആശുപത്രിയിലെ നഴ്സായ അഞ്ജുവിനെയും മക്കളെയും കാണാഞ്ഞ് അയൽക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തുമ്പോൾ സാജു വീട്ടിലുണ്ടായിരുന്നു.
അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൻ-പ്രൈസ് കെ.സി. പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളിൽ സ്ത്രീകൾക്കായി തിരഞ്ഞിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2012-ലായിരുന്നു അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹം. 2021-ലാണ് ഇരുവരും യുകെയിൽ താമസത്തിനെത്തിയത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. യുകെയിൽ എത്തിയതിന് പിന്നാലെ ചില കുടുംബ പ്രശ്‌നങ്ങളും ഇവർക്കിടയിൽ നിലനിന്നിരുന്നു. സാജു സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ കുടുംബം ആരോപിച്ചിരുന്നു.

