മേഘാലയ: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്കാരിക സ്വഭാവങ്ങൾക്കും എതിരാണെന്നായിരുന്നു കോൺറാഡ് സാങ്മയുടെ വിമർശനം. വടക്കുകിഴക്കൻ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ എൻപിപി പ്രസിഡന്റ് കൂടിയാണ് സാങ്മ.
ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന് വിരുദ്ധമാണ് ഏകീകൃത സിവിൽ കോഡ്. വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. നമ്മുടെ ശക്തി തന്നെ ഈ വൈവിധ്യങ്ങളിലാണ്. സർക്കാർ ഏത് തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കാൻ പോകുന്നതെന്നറിയില്ല. മേഘാലയയിലെ ജനങ്ങൾ ഒരു ഒരു മാതൃസമൂഹമാണ്, വടക്കുകിഴക്ക് മുഴുവനും ഒരു തനതായ സംസ്കാരമുണ്ട്, അതിന് കേടുപറ്റരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും കോൺറാഡ് സാങ്മ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് മതേതരത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്ന നിലപാടുമായി എൻഡിപിപിയും രംഗത്തെത്തി. മണിപ്പൂരിൽ എൻഡിപിപിയുമായി ചേർന്നാണ് ബിജെപി ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റുകൾ എൻഡിപിപിയും 12 സീറ്റുകൾ ബിജെപിയും നേടിയിരുന്നു. ഇതേത്തുടർന്നാണ് മണിപ്പൂരിൽ ഭരിക്കുന്നതിനായി ബിജെപി എൻഡിപിപിയുടെ കൂട്ടുപിടിച്ചത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ന്യൂനപക്ഷവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് എൻഡിപിപി വിലയിരുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാർട്ടികൾ തയ്യാറെടുക്കുന്നതിനിടെയാണ് ഏകീകൃത സിവിൽ കോഡ് വിഷയം കേന്ദ്രസർക്കാർ വീണ്ടും ഉയർത്തുന്നത്. രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്നതാണ് ഏക സിവിൽ കോഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നു. ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തതാണ്. നിയമനിർമാണം നടപ്പാക്കാൻ സുപ്രിം കോടതി നിർദേശിച്ചിട്ടുള്ളതാണ്. ഈ നാട് എങ്ങനെ രണ്ട് നിയമങ്ങളിൽ നടക്കുമെന്നും മുസ്ലിംകളെ പ്രകോപിപ്പിക്കാൻ ഏക സിവിൽ കോഡിൽ ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നത്.

