ഇംഫാല്‍: മണിപ്പൂരില്‍ രണ്ടു മാസത്തോളമായി തുടരുന്ന സാമുദായിക കലാപത്തിനു പരിഹാരം കാണാനാവാതെ, ഒടുവില്‍ രാജിനാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ്. കലാപം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ചേക്കുമെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ, ഇന്നലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു മുന്നില്‍ അനുയായികള്‍ തടിച്ചുകൂടി. തുടര്‍ന്ന്, ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലേക്കു പുറപ്പെട്ട മുഖ്യമന്ത്രിയെ തടഞ്ഞ് അവര്‍ രാജിക്കത്ത് കീറിയെറിഞ്ഞു. ഈ നിര്‍ണായകസന്ധിയില്‍ താന്‍ രാജിവയ്ക്കുന്നില്ലെന്നു വ്യക്തമാക്കി ബീരേന്‍സിങ് പിന്നീടു രംഗത്തുവന്നു.
മുഖ്യമന്ത്രി രാജിവയ്ക്കരുതെന്നാവശ്യപ്പെട്ടു കറുത്ത ഉടുപ്പണിഞ്ഞ നൂറുകണക്കിനു യുവാക്കള്‍ ഔദ്യോഗികവസതിക്കു മുന്നില്‍ കുത്തിയിരുന്നു. സ്ത്രീകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഇതിനിടെ, മുഖ്യമന്ത്രിയുടെ രാജിക്കത്തുമായി പുറത്തുവന്ന രണ്ടു മന്ത്രിമാരുടെ കൈയില്‍നിന്ന് അതു പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. ഈ സമയത്തുതന്നെ ബീരേന്‍സിങ്ങിന്റെ അനുയായികള്‍ രാജ്ഭവനു മുന്നിലും തടിച്ചുകൂടി. ഗവര്‍ണറെ കാണാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അനുയായികള്‍ തടയുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായ പുതിയ അക്രമങ്ങളില്‍ ഒരു പോലീസുകാരനടക്കം മൂന്നു പേര്‍കൂടി കൊല്ലപ്പെട്ടു. ഔദ്യോഗിക കണക്കുപ്രകാരം കലാപത്തില്‍ ഇതുവരെ 118 പേരാണ് ആകെ കൊല്ലപ്പെട്ടത്. അരലക്ഷത്തോളം പേര്‍ ഭവനരഹിതരായി. 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 17 തോക്കുകളും 12 സ്ഫോടകവസ്തുശേഖരവും 10 ബോംബുകളും പോലീസ്‌കണ്ടെടുത്തു.