മോസ്‌കോ: കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയിലുണ്ടായ വാഗ്നര്‍ സൈനിക ലഹളയുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ലഹളക്ക് നേതൃത്വം നല്‍കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തപങ്കില പോരാട്ടത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയായിരുന്നു ലഹളക്കാരുടെ ലക്ഷ്യമെന്നും ഹ്രസ്വ അഭിസംബോധനയില്‍ പുടിന്‍ വ്യക്തമാക്കി.
അതേസമയം, സാധാരണ വാഗ്നര്‍ അംഗങ്ങള്‍ രാജ്യസ്‌നേഹികളാണെന്നും അവരെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കുമെന്നും പുടിന്‍ പറഞ്ഞു. ഇവര്‍ക്ക് ബെലാറസില്‍ നിന്ന് രാജ്യത്തേക്ക് തിരിച്ചുവരാമെന്നും പുടിന്‍ പറഞ്ഞു. വാഗ്നര്‍ മേധാവി യെവ്‌ഗെനി പ്രിഗോഷിനെ പുടിന്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. സ്വകാര്യ സൈനിക സംഘമാണ് വാഗ്നര്‍. സാധാരണ റഷ്യന്‍ സൈന്യത്തിനൊപ്പം യുക്രൈനില്‍ ഇവരും യുദ്ധമുഖത്തുണ്ട്. ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്ന വിമതനീക്കമാണ് വാഗ്നര്‍ സൈന്യം നടത്തിയത്.

