പാലക്കാട്: ആലപ്പുഴയ്ക്കു പിന്നാലെ, വിഭാഗീയതയ്‌ക്കെതിരേ പാലക്കാടും കടുത്ത നടപടികളുമായി സിപിഎം. മുൻ എംഎൽഎ പി.കെ. ശശി ഉൾപ്പെടെ മൂന്നു പേരെ തരം താഴ്ത്താൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് ശശിയെ തരം താഴ്ത്തിയത്. നിലവിൽ കെടിഡിസി ചെയർമാനാണ് പി.കെ. ശശി.
ശശിക്കെതിരേയുള്ള പരാതികളിൽ അന്വേഷണം നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ സിപിഎം മുൻപ് ചുമതലപ്പെടുത്തിയിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി.കെ. ചന്ദ്രനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി.കെ.ചാമുണ്ണിയെ ഏരിയാ കമ്മിറ്റിയിലേക്കും തരം താഴ്ത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കളായ ആനാവൂർ നാഗപ്പൻ, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ പാർട്ടി സമ്മേളന കാലയളവിൽ മൂവരും വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

