മലപ്പുറം: യൂട്യൂബിൽ സജീവമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ പൊലീസ് കേസ്. മലപ്പുറം വളാഞ്ചേരിയിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്. പരിപാടിയൽ അശ്ലീല പ്രയോഗങ്ങൾ നടത്തിയതിൽ തൊപ്പിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചവിഷയമായിരുന്നു.
കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്ഘാടനം നടത്തിയ വ്യാപാര ശാലയുടെ ഉടമയും കേസിൽ പ്രതിയാണ്.
ഇയാളുടെ വീഡിയോകൾ അസഭ്യമായതും സ്ത്രീവിരുദ്ധമായതും ടോക്സികായതുമാണെന്ന് നിരവധി ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും അല്ലാതെയും ഉയർന്നിരുന്നു. ഇതിൽ ഡിജിപിക്കടക്കം പരാതി എത്തിയിരുന്നു. പിന്നാലെയാണ് തൊപ്പിക്കെതിരേ കേസെടുത്തത്.
കുറഞ്ഞ കാലം കൊണ്ട് യൂട്യൂബിൽ 6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് തൊപ്പിയുടെ യൂട്യൂബ് ചാനലിലുള്ളത്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ ആരാധകർ അധികവും കുട്ടികളാണ്. ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി ശ്രദ്ധേയനാവുന്നത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.

