സ്വകാര്യ ബസിനു മുന്നിൽ കൊടികുത്തി സിഐടിയു തൊഴിലാളികൾ : അതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടവുമായി ബസുടമ

കോട്ടയം ∙ സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി. കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയത്. ‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്നാണു ലോട്ടറി വിൽപന കേന്ദ്രത്തിനു പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ന്യൂയോർക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ് ലോട്ടറി കച്ചവടം.

ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.

കൂലിവർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഏറ്റവും കലക്‌ഷനുള്ള ബസിന്റെ സർവീസാണ് മുടക്കിയതെന്നു രാജ്മോഹൻ പറയുന്നു. മറ്റു രണ്ടു ബസുകൾ പൂർണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സർവീസ് നടത്തുന്നതെന്നും ഉടമ പറയുന്നു.

കോട്ടയം ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കലക്‌ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്പളം കൂട്ടി. നിശ്ചിത കലക്‌ഷൻ ലഭിച്ചാൽ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു തർക്കം. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനാലാണു സമരം നടത്തുന്നതെന്നു മോട്ടർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വർഗീസ് പറഞ്ഞു….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →