അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റ് കടന്നു പോയതിനു പിന്നാലെ വടക്കൻ ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ. ഗുജറാത്തിലെ ബനാസ്കാന്ത,പട്ടാൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ബിപോർജോയ് ചുഴലിക്കാറ്റ് തെക്കൻ രാജസ്ഥാനിലെത്തിയതോടെ അതിതീവ്ര ന്യൂന മർദമായും പിന്നീട് ന്യൂന മർദമായും മാറിയതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ന്യൂനമർദത്തിന്‍റെ സ്വാധീനം മൂലം ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രവചിച്ചിട്ടുണ്ട്. തെക്കൻ രാജസ്ഥാനിൽ നിന്ന് കിഴക്ക്- വടക്കു കിഴക്കൻ മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ന്യൂനമർദം.
അടുത്ത 12 മണിക്കൂറിൽ ന്യൂനമർദത്തിന്‍റെ സ്വാധീനം ഉണ്ടായിരിക്കുമെന്നും ഐഎംഡി വ്യക്തമാക്കി. ബനാസ്കാന്തയിലെ അമീർഗറിൽ 24 മണിക്കൂറിനിടെ 206 മില്ലിമീറ്റർ മഴയാണ് പെയ്തത്. തെക്ക് കിഴക്കൻ രാജസ്ഥാനിലും വടക്കു കിഴക്കൻ രാജസ്ഥാനിലും തിങ്കളാഴ്ചയും മഴ തുടരും. ഗുജറാത്തിനോട് ചേർന്നു കിടക്കുന്ന തെക്കൻ രാജസ്ഥാനിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.