ജിഎസ്ടി കൗണ്‍സിലിന്റെ 50-ാമത് യോഗം 2023 ജൂലൈ 11ന് നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. നികുതി ചോര്‍ച്ചയും തട്ടിപ്പുകളും തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ചാണ് മുഖ്യ ചര്‍ച്ച. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയെക്കുറിച്ച് വിലയിരുത്തിയ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും. വ്യാജ രജിസ്ട്രേഷനുകളിലൂടെയും തട്ടിപ്പിലൂടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) സൃഷ്ടിച്ചും നടക്കുന്ന നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ചില നടപടികള്‍ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ വിവേക് ജോഹ്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിംഗ് സംബന്ധിച്ച് പഠനം നടത്തിയ മന്ത്രിതല സംഘം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജിഎസ്ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ ഇത് ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല. കൗണ്‍സിലിന്റെ ചര്‍ച്ചയ്ക്കും ശേഷം റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൈമാറും. കൂടാതെ, നികുതി നിരക്കുകള്‍ യുക്തിസഹമാക്കുന്നത് സംബന്ധിച്ച് പരിശോധിക്കുന്ന മന്ത്രിതല സമിതിയുടെ കണ്‍വീനറെയും കൗണ്‍സില്‍ തീരുമാനിക്കും. നേരത്തേ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയായിരുന്നു കണ്‍വീനര്‍. ഇപ്പോള്‍ കര്‍ണാടകയില്‍ ഭരണമാറ്റമുണ്ടായ സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തെരഞ്ഞെടുക്കുന്നത്. ജിഎസ്ടി നിരക്ക് യുക്തിസഹമാക്കുന്നത് വരാനിരിക്കുന്ന കൗണ്‍സില്‍ യോഗം പരിഗണിക്കുന്നില്ലെന്നാണ് സൂചന. വ്യാജ രജിസ്ട്രേഷനെതിരെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഇതിനകം രണ്ട് മാസത്തെ പ്രത്യേക കര്‍മപദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ വ്യാജ രജിസ്ട്രേഷന്‍ ഉള്ള 60,000 സ്ഥാപനങ്ങളെ ജിഎസ്ടി നെറ്റ് വര്‍ക്ക് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ നേരിട്ടുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ 43,000 പരിശോധനകള്‍ പൂര്‍ത്തിയാക്കി. അതില്‍ 10,000 എണ്ണത്തില്‍ തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. 15,000 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയിമുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ‘ ജോഹ്രി കൂട്ടിച്ചേര്‍ത്തു.
രാജ്യവ്യാപകമായി ചരക്കു സേവന നികുതി (ജിഎസ്ടി) ഉദ്യേഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പെര്‍മെനന്റ് അക്കൗണ്ട് നമ്പറുകളും (പാന്‍) ആധാര്‍ കാര്‍ഡുകളും ഉള്‍പ്പെടെ 18,000ഓളം തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിച്ചാണ് ഈ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. പിഎം കിസാന്‍ സ്‌കീമിന്റെയും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് 4,000 ഷെല്‍ കമ്പനികളും 16,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും പ്രവര്‍ത്തിപ്പിക്കുന്നതിന് ഉപയോഗിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. 16 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘടിത സ്വഭാവത്തിലുള്ള തട്ടിപ്പാണ് ഇതെന്ന വിലയിരുത്തലില്‍ ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളുമായും ജിഎസ്ടി അധികൃതര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

