തൃശൂർ: ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിലായി. എറണാകുളം വൈപ്പിൻകര ജാൻവാസിനെയാണ് ( 57) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ ഏഴാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ നെല്ലിക്കുന്ന് പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവർന്നത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടർന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നൽകി.
ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ വെറോനിക്കയുടെ മുഖത്തടിച്ച പ്രതി മൂന്നര പവൻ തൂക്കമുള്ള മാല കവർന്ന് കടന്നുകളയുകയായിരുന്നു. നിരവധി സി സി ടി വികൾ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പെരുമ്പാവൂരിൽനിന്നാണ് പ്രതി പിടിയിലായത്.
ഒല്ലൂർ എസ് എച്ച് ഒ ബെന്നി ജേക്കബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉല്ലാസ്, സിവിൽ പൊലിസ് ഓഫീസർ അഭീഷ് ആന്റണി, ജില്ലാ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് അംഘം സുനീപ്, ഷാഡോ പൊലീസ് എസ് ഐമാരായ റാഫി, സുവ്രത കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പഴനിസാമി, സിവിൽ പൊലീസ് ഓഫീസർമാരായ ലിഗേഷ്, വിപിൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

