കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്ത ക അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. 2023 ജൂൺ ആറിനാണ് മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത അഖില റിപ്പോർട്ട് ചെയ്തത്.
മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാർഥി സി.എ ഫാസിൽ നാലാം പ്രതിയുമാണ്. ഇവർക്കു പുറമെയാണ് കെഎസ്‌യു ഉയർത്തിയ ആരോപണം തത്സമയം റിപ്പോർട്ട് ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയത്.
അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. സിപിഐ നേതാവ് സി. ദിവാകരൻ സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. റിപ്പോർട്ടർ അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും സർക്കാർ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി. ദിവാകരൻ തുറന്നടിച്ചിരുന്നു.
കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി.എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന തരത്തിൽ അഖില റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാധ്യമ സ്വാതന്ത്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്നും അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നുമാണ് ഇക്കാര്യത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഏറ്റവും പുതിയ പ്രതികരണം. കെഎസ്‌യു ഉയർത്തിയ ആരോപണം തത്സമയം റിപ്പോർട്ട് ചെയ്ത അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ എംവി ഗോവിന്ദൻ പരസ്യമായി ന്യായീകരിക്കുകയാണ്.
അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവ് നൽകിയ പരാതിയിൽ ഗൂഢാലോചനാ വകുപ്പ് അടക്കം ചുമത്തിയാണ് റിപ്പോട്ടർക്കെതിരെയടക്കം കേസെടുത്തതെന്നും ഗുരുതരമായ കുറ്റകൃത്യം മറയ്ക്കാനുള്ള നടപടിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണ വിധേയനായ ആർഷോയെ അപകീർത്തിപ്പെടുത്താൻ കോഴ്സ് കോ-ഓർഡിനേറ്ററും പ്രിൻസിപ്പലും ചേർന്ന് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. കേസിലെ മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ സൂചിപ്പിക്കുന്നു. വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങളാണ് ഈ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.