ന്യൂയോർക്ക്: ശബരിമല വിമാനത്താവളവും കെറെയിലും ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ ഭാഗമായി നടത്തിയ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു. കെറെയിലിനെ അട്ടിമറിക്കുന്ന നിലപാടുകൾ പല കോണുകളിൽനിന്നുമുണ്ടായെങ്കിലും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍റർനെറ്റ് സേവനം ജനങ്ങളുടെ അവകാശമാക്കിയ കേരളം, കെഫോൺ വഴി അതു പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. സംസ്ഥാനത്തിന്‍റെ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും പിണറായി വിജയൻ.
ഏറ്റവും വേഗത്തിൽ നഗരവത്കരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും മലമ്പ്രദേശങ്ങളിലെ റോഡുകളുടെ ഉയർന്ന നിലവാരം മനസിലാക്കിയതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനത്ത് ഇപ്പോൾ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. വ്യാവസായിക അന്തരീക്ഷവും മെച്ചപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് നോക്കുകൂലി പൂർണമായി നിരോധിച്ചു. നിക്ഷേപകർക്ക് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകും. എന്നാൽ, പരിസ്ഥിതിക്കു കോട്ടം തട്ടുന്ന തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. കൊല്ലത്തും കണ്ണൂരിലും ഓരോ ഐടി പാർക്കുകൾ കൂടി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി.

