ഗോണ്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നു വീണ്ടും മത്സരിക്കുമെന്നു ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. ബൽപുരിൽ നടത്തിയ റാലിയിലാണു ബ്രിജ്ഭൂഷന്റെ പ്രഖ്യാപനം. താരങ്ങളുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2024ലും ബിജെപി തന്നെ അധികാരത്തിലെത്തും. യുപിയിലെ എല്ലാ സീറ്റുകളിലും പാർട്ടി ജയിക്കും. മോദി സർക്കാരിന്റെ ഒമ്പതു വർഷം നേട്ടങ്ങളുടേതായിരുന്നെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
അടുത്തതവണ ഗോണ്ടയിലേക്കോ അയോധ്യയിലേക്കോ മാറുമോ എന്നു റാലിക്കു ശേഷം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് കൈസർഗഞ്ചിൽ മത്സരിക്കുമെന്ന് അദ്ദേഹം മറുപടി നൽകിയത്.
റാലിയിൽ കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ചു ബ്രിജ്ഭൂഷൺ. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് രാജ്യം വിഭജിക്കപ്പെട്ടത്. പാക്കിസ്ഥാൻ നമ്മുടെ 78000 ചതുരശ്ര കിലോമീറ്റർ ഭൂമി കൈയടക്കിയതും ചൈന 33000 ചതുരശ്ര കിലോമീറ്റർ ഭൂമി കൈയേറിയതും കോൺഗ്രസിന്റെ കാലത്താണ്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ 92000 പാക്കിസ്ഥാനി സൈനികർ നമുക്കു മുന്നിൽ ആയുധം വച്ചു കീഴടങ്ങി.
എന്നാൽ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവരെ വെറുതേവിട്ടു. പഴയ നഷ്ടങ്ങൾ പരിഹരിക്കാൻ അവർ ശ്രമിച്ചില്ല. അന്നു നരേന്ദ്ര മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ കൈയേറിയ ഭൂമി സ്വതന്ത്രമാക്കുമായിരുന്നുവെന്നും ബ്രിജ് ഭൂഷൺ.

