തിരുവനന്തപുരം: മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.രാഷിട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും കേസിൽ നിരപരാധിയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ഒളിവിൽ പോയ വിദ്യയെ കണ്ടെത്താൻ പൊലീസ് സൈബർ സെല്ലിന്‍റെ സഹായം തേടിയിരുന്നു. ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചിരുന്നു.
മെയ് 2ന് അട്ടപ്പാടി ഗവ. കോളെജിൽ നടന്ന ഇന്‍റർവ്യൂവിലാണ് വിദ്യ വ്യാജരേഖ ഹാജരാക്കിയത്. തുടർന്ന് കോളെജ് പ്രിൻസിപ്പൽ പരാതി നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

