ബഹനാഗ ബസാര്‍: ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കേടായ കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍. എന്നാല്‍ ദുര്‍ഗന്ധത്തിന് കാരണം ചീഞ്ഞ മുട്ടകളാണെന്നും മനുഷ്യശരീരങ്ങളല്ലെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ആളുകള്‍ കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും ചില മൃതദേഹങ്ങള്‍ ഇപ്പോഴും അവിടെ ഉണ്ടായിരുന്നിരിക്കാമെന്നും ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അവിടെ തിരച്ചില്‍ നടത്തിയത്. എന്നാല്‍ യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസില്‍ മൂന്ന് ടണ്‍ മുട്ടകള്‍ പാഴ്‌സല്‍ വാനില്‍ കടത്തുകയായിരുന്നെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സിപിആര്‍ഒ ആദിത്യ കുമാര്‍ ചൗധരി പറഞ്ഞു.
ഒഡീഷ ട്രയിന്‍ അപകടം; കേടായ കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍
