തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും തിരുവനന്തപുരം ഗവ. ദന്തൽ കോളേജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ മികച്ച സ്ഥാനങ്ങൾ നേടി. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്‌കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നന്ദി അറിയിച്ചു.
തിരുവന്തപുരം മെഡിക്കൽ കോളേജ് നാൽപത്തിനാലാം സ്ഥാനത്തും ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് വലിയ പുരോഗതിയാണ് ഉണ്ടായതെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.
രണ്ട് മെഡിക്കൽ കോളേജുകളും രണ്ട് നഴ്‌സിംഗ് കോളേജുകളും യാഥാർത്ഥ്യമാക്കി. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കി. മെഡിക്കൽ കോളേജുകളിൽ മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കി മികവിന്റെ കേന്ദ്രങ്ങളാക്കി വരുന്നു. ഈ സർക്കാർ വന്ന ശേഷം 29 സ്പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്കും അനുമതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദന്തൽ മേഖലയുടെ വികസനത്തിനായും വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

