ന്യൂഡൽഹി: ബാലസോർ ട്രെയിൻ അപകടത്തിൽ വിശദീകരണവുമായി റെയിൽവേ മന്ത്രാലയം. സിഗ്നൽ സംവിധാനങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നും സേഫ്റ്റി കമ്മീഷന്‍റെ സമ്പൂർണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
കൊറമണ്ഡൽ എക്സ്പ്രസ് മാത്രമാണ് പാളം തെറ്റിയത്. അപകടസമയത്ത് ട്രെയിൻ അനുവദനീയ വേഗമായ 128 കിലോമീറ്റലായിരുന്നു സഞ്ചരിച്ചിരുന്ന്. അപകട സമയത്ത് ഇവിടെ സ്റ്റോപ്പില്ലാത്ത 2 ട്രെയിനുകൾക്കും വഴിയൊരുക്കാനായി 2 ഗുഡ്സ് ട്രെയിനുകൾ ഇരുവശങ്ങളിലുമായി പിടിച്ചിട്ടിരുന്നു.
നടുവിലത്തെ 2 ട്രാക്കുകളും കൊറമണ്ഡൽ എക്‌സ്‌പ്രസ് , ഹൗറ എക്‌സ്‌പ്രസ് എന്നിവയ്ക്ക് കടന്നു പോകാൻ സജ്ജമായിരുന്നു. മാത്രമല്ല ഈ സമയത്ത് ട്രെയിനുകൾക്ക് മുന്നോട്ടു പോവാനുള്ള പച്ച സിഗ്നലും നൽകിയിരുന്നു. യാതൊരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകാമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകുന്ന സിഗ്നലാണ് പച്ച. ഈ സമയത്ത് ഡ്രൈവർമാർക്ക് പരമാവധി വേഗത്തിൽ ട്രെയിൻ ഓടിക്കാം.
അപകടം നടന്ന സമയത്ത് കൊറമണ്ഡലിന് അനുവദിച്ചിരുന്ന പരമാവധി വേഗത 130 കിലോമീറ്ററായിരുന്നു. ട്രെയിൻ ആ സമയത്ത് സഞ്ചരിച്ചിരുന്നത് 128 കിലോമീറ്റർ വേഗത്തിലും.
ഹൗറ എക്സ്പ്രസ് 126 കിലോ മീറ്റർ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. അതായത് ഇരു ട്രെയിനുകളും അമിത വേഗത്തിലായിരുന്നില്ലെന്ന് അർഥം.
ഒരു കാരണവശാലും 3 ട്രെയിനുകൾ കൂട്ടിയിടിക്കില്ല, അത് വ്യാജപ്രചരണമാണ്. കൊറമണ്ഡൽ എക്സ്പ്രസ് മാത്രമാണ് ഇടിച്ചത്. അതായത് കൊറമണ്ഡൽ എക്സ്പ്രസ് ലൂപ്പിൽ പിടിച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ ബോഗിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ട്രെയിൻ പരമാവധി വേഗത്തിലാണ് സഞ്ചരിച്ചിരുന്നതിനാലും പിടിച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിനിലുണ്ടായിരുന്നത് ഇരുമ്പായതിനാലും ഇടിയുടെ ആഘാതം വർധിച്ചു. അപകടത്തിന്‍റെ പൂർണ ആഘാതമേറ്റത് കൊറമണ്ഡലിനായിരുന്നു.
കൊറമണ്ഡൽ എക്സ്പ്രസ് പൂർണമായും എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനാണ്. ഇത്തരം ട്രെയിനുകൾ ഒരു കാരണവശാലും തലകീഴായി മറിയില്ല, എന്നാൽ, ഇടിയുടെ ആഘാതം അത്ര ഭീകരമായതിനാലാണ് ട്രെയിൻ തലകീഴായി മറിഞ്ഞത്.
കൊറമണ്ഡൽ എക്സ്പ്രസിന്‍റെ കോച്ചുകൾ ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത ട്രാക്കിലേക്ക് തെന്നിമാറി. ഇതേ സമയം അതുവഴി വന്ന ബെംഗളൂരു – ഹൗറ എക്സ്പ്രസിന്‍റെ അവസാന ഭാഗത്തെ കോച്ചുകൾ അവയിൽ ഇടിച്ചു. ഇത്തരം ഘട്ടത്തിൽ അപകടം ഒരു സാങ്കേതിക വിദ്യയ്ക്കും ഒഴിവാക്കാനാവില്ലെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

