കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് പണം ഈടാക്കൻ നടപടിയ്ക്ക് ഉത്തരവ്. 25 പേരിൽ നിന്ന് 125.84 കോടി ഈടാക്കാനാണ് നടപടി. സഹകരണ ജോയിന്റ് രജിസ്റ്റാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പണം ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് തിരിച്ചു പിടിക്കാൻ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻസെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പെടെ അഞ്ചുപേരിൽ നിന്നുമാണ് തുക ഈടാക്കുക. പണം നൽകേണ്ടത് സംബന്ധിച്ച് ഇവർക്ക് ഉടനടി നോട്ടീസ് നൽകും.
കരുവന്നൂരിൽ 300 കോടിയിലധികം രൂപയുടെ തട്ടിപ്പായിരുന്നു നടന്നിരുന്നത്. അതിൽ 125 കോടി രൂപയാണ് ഇപ്പോൾ ഈ നടപടിയിലൂടെ തിരിച്ചുപിടിക്കുന്നത്. നടപടി സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം റവന്യൂ റിക്കവറി വിഭാഗത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ മുതലായവർക്ക് പണം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും ഉടൻ നൽകും. ഈ ആഴ്ച തന്നെ നടപടിക്രമങ്ങൾ ആരംഭിക്കും.
മാനുഷിക പരിഗണനയുടെ പേരിൽ മുൻ അംഗങ്ങൾക്ക് പണം നൽകാൻ മൂന്ന് ദിവസം വരെ സാവകാശം അനുവദിക്കും. അതിന് ശേഷവും തുക അടച്ചില്ലെങ്കിൽ ഇവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കും കടക്കുമെന്നാണ് റവന്യൂ വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന

