ഇത്തവണ കാലവർഷം കേരളത്തിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്. 2023 ജൂൺ 4 ശനിയാഴ്ച കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോൾ അറബിക്കടൽ മേഖലയിൽ എത്തിയ കാലവർഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ലക്ഷദ്വീപ് തീരത്തേക്ക് ഇത് എത്തിച്ചേർന്നാൽ മാത്രമേ കാര്യമായ പുരോഗതി ഉണ്ടായെന്ന് പറയാനാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിൽ ജൂൺ 5 ഓടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ കാലവർഷം ഈ ന്യൂനമർദത്തെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ന്യൂനമർദം ശക്തിപ്രാപിക്കുന്നത് നിരീക്ഷിച്ചാകും കാലവർഷം എപ്പോഴെത്തുമെന്ന് കണക്കാക്കുക.
.
അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഇടിയ്ക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ജൂൺ അഞ്ചിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

