കോൺഗ്രസിൽ പൊട്ടിത്തെറി; കെ സി വേണുഗോപാൽ വിഭാഗം ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ഹൈജാക്ക് ചെയ്‌തെന്ന് ആക്ഷേപം

ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. കെ സി വേണുഗോപാൽ പക്ഷം പട്ടിക ഹൈജാക്ക് ചെയ്‌തെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ആകെ 282 ബ്ലോക്കുകളാണുള്ളത്. ഇതിൽ 230 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് ജില്ലകൾ പൂർണമായി ഒഴിച്ചിട്ടിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നീ മൂന്ന് ജില്ലകളെയാണ് ഒഴിച്ചിട്ടിത്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിടുന്നതിന് മുൻപ് കൂടിയാലോചന നടത്തിയില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. മൂന്ന് ജില്ലകളെ ഒഴിച്ചിട്ട നടപടിയും ശരിയായില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമർശനം.

മുൻ കെപിസിസി പ്രസിഡന്റുമാരായിരുന്ന രമേശ് ചെന്നിത്തല, എം എം ഹസൻ, കെ മുരളീധരൻ മുതലായ നേതാക്കളുമായി പട്ടിക തയാറാക്കുന്ന ഘട്ടത്തിൽ കൂടിയാലോചന നടത്തണമെന്ന് ചിന്തൻ ശിബിറിൽ ഉൾപ്പെടെ നിർദേശം ഉയർന്നിരുന്നു. എന്നാൽ 230 ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിൽ യാതൊരുവിധ കൂടിയാലോചനയും നേതാക്കളുമായി നടത്തിയിരുന്നില്ലെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്നു.

എ, ഐ ഗ്രൂപ്പുകൾക്ക് പുറമേ ശശി തരൂർ വിഭാഗത്തിനും ഈ വിഷയത്തിൽ പരാതിയുണ്ട്. തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും വിശദീകരിച്ച് ഗ്രൂപ്പുകൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തയച്ചിട്ടുമുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയേയും സോണിയാ ഗാന്ധിയേയും നേരിട്ട് എതിർപ്പറിയിക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →