600 പേരെങ്കിലും ബോഗികളില്‍ കുടുങ്ങിക്കടക്കുന്നതായി കരുതുന്നു

ന്യൂഡല്‍ഹി: ഒഡീഷയിലുണ്ടായത് പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം. ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ് എം വി ടി-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. 600 പേരെങ്കിലും ദുരന്തമുഖത്ത് തകര്‍ന്ന ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബോഗികള്‍ വെട്ടിപ്പൊളിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ടാമത്തെ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് അപകടത്തില്‍പ്പെട്ട ബോഗികള്‍ തെറിച്ചു വീണു. ട്രെയിനില്‍ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 237 പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിച്ചേക്കുമെന്നാണ് ഒഡീഷ സര്‍ക്കാര്‍ അറിയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും തകര്‍ന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു.

അപകടം നടന്നതിന് സമീപത്തായുളള അഞ്ചു ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസില്‍ ബെംഗളുരുവില്‍ നിന്ന് കയറിയത് 994 റിസര്‍വ് ചെയ്ത യാത്രക്കാരാണെന്ന് റെയില്‍വെ അറിയിച്ചു. 300 പേര്‍ റിസര്‍വ് ചെയ്യാതെയും കയറിയതായാണ് അനുമാനം. അങ്ങനെയെങ്കില്‍ ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →