കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും : നി‌‍‍ർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ്

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ള യുപി സ്വദേശിയുടെ അറസ്റ്റ് 2023 ജൂൺ 2ന് ഉണ്ടായേക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി ഉണ്ടാകാറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കസ്റ്റഡിയിൽ ഉള്ള ആൾ തീവെപ്പിന് തൊട്ട് മുൻപ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎൽ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആകും അറസ്റ്റ്. പ്രദേശത്തെ കൂടുതൽ സിസിടി വി ദൃശ്യങ്ങൾ രാത്രിയും പോലീസ് പരിശോധിച്ചിരുന്നു. അതേസമയം എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതിൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ജൂൺ ഒന്നിന് വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇതിനിടെ ഫലം കൂടി ലഭിച്ചാൽ മാത്രമാകും കൂടുതൽ നടപടി ഉണ്ടാകുക.

നിലവിൽ റെയിൽവേ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷ പരിശോധനയും അന്വേഷണവും റെയിൽവേ അധികൃതരും നടത്തും. ഇതിനിടെ കണ്ണൂരിൽ തീപിടിത്തമുണ്ടായ ട്രെയിനിൽ എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോർട്ട്‌ ജൂൺ 2ന് കൈമാറും. കേസ് ഉടൻ എൻഐഎ എറ്റെടുത്തേക്കില്ലെന്നാണ് സൂചന.

എലത്തൂർ തീവയ്പ്പിന് പിന്നാലെ എക്സിക്യുട്ടീവ് ട്രെയിനിൽ രണ്ടാമതും തീപിടുത്തമുണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. എക്സിക്യൂട്ടീവ് ട്രെയിൻ മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്നത് എന്തുകൊണ്ടാണ്? അതിന് പിന്നിൽ ഗൂഡാലോചനയുണ്ടോ? ഇരുസംഭവങ്ങളും കണ്ണൂരുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ് ? എന്നതടക്കമുള്ള സംശയങ്ങളാണ് അന്വേഷണ സംഘങ്ങൾക്കുള്ളത്.

Share
അഭിപ്രായം എഴുതാം