കൊച്ചി: ബ്രഹ്‌മപുരത്ത് ബയോമൈനിങ് ഏറ്റെടുത്ത സോൺട ഇൻഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോർപ്പറേഷൻ. സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.2023 ജൂൺ ഒന്നുമുതൽ പുതിയ കമ്പനിക്കായിരിക്കും കരാർ. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നൽകിയ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കരാർ റദ്ദാക്കാൻ തീരുമാനമെടുത്തതെന്നും അനിൽകുമാർ പറഞ്ഞു. .
ബയോമൈനിങ് മുതലുള്ള കാര്യങ്ങളിൽ സോൺടയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ കൊച്ചി കോർപ്പറേഷൻ സമയാസമയം നോട്ടീസ് നൽകി കമ്പനിയെ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുമുള്ള നിയമോപദേശം തേടിയശേഷം കോർപ്പറേഷന്റെ വാദഗതികൾക്ക് കഴമ്പുണ്ട് എന്ന് കണ്ടെത്തിയാണ് നോട്ടീസ് നൽകാൻ അവകാശമുണ്ടെന്ന് സർക്കാർ അറിയിച്ചത്. നോട്ടീസിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് സോൺട വിശദീകരണം നൽകിയത്. ആ വിശദീകരണം കൗൺസിലിൽ സ്വീകാര്യമില്ലെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞു. കമ്പനിയുടെ വിശദീകരണം ആർക്കും സ്വീകര്യമല്ലാത്തതിനാൽ ഏകകണ്ഠമായി സോൺടയുമായുള്ള കരാറുകൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു’, കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു..

