ട്രെയിനിലെ പാഴ്‌സല്‍ സര്‍വീസ് നിര്‍ത്തലാക്കിയോ? എങ്ങനെ ബാധിക്കും

ട്രെയിന്‍ വഴി എത്ര പാര്‍സല്‍ വേണമെങ്കിലും അയക്കാവുന്ന വാതില്‍പ്പടി പാര്‍സല്‍ സേവനം ഈ വര്‍ഷമാദ്യമാണ് നിലവില്‍ വന്നത്. അതുവരെ പാര്‍സല്‍ അയയ്ക്കാനും എടുക്കാനും റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈയാവശ്യത്തിനു റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട ആവശ്യമില്ല. ഉപഭോക്താക്കളുടെ അടുത്തെത്തി പാര്‍സല്‍ തപാല്‍വകുപ്പ് സ്വീകരിച്ച് കൊണ്ടുപോകും. റെയില്‍വേയും തപാല്‍ വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാതില്‍പ്പടി സേവനം റെയില്‍വേ സ്റ്റേഷന്റെ 40 കിലോമീറ്റര്‍ പരിധിവരെ ലഭ്യമാണ്. തപാല്‍ വകുപ്പ് അവരുടെ വാഹനങ്ങളിലെത്തിലെത്തുകയും പാര്‍സല്‍ സ്വീകരിച്ച് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയുമാണ് ചെയ്യുന്നത്. നേരത്തെ പാര്‍സല്‍ ബുക്കുചെയ്താല്‍ ഉപഭോക്താക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തി നല്‍കണമായിരുന്നു. തുടര്‍ന്ന് പാര്‍സല്‍ തപാല്‍ വകുപ്പ് സ്ഥലത്തെത്തിക്കും. എന്നാലിപ്പോള്‍ പാര്‍സലിന്റെ തുക തപാല്‍ വകുപ്പില്‍ അടച്ചാല്‍ മതി. വാതില്‍പ്പതി സേവനം ലാഭകരമാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. കര്‍ഷകര്‍, വ്യാപാരികള്‍, എം.എസ്.എം.ഇ തുടങ്ങിയവര്‍ക്ക് ഈ പദ്ധതി കൂടുതല്‍ പ്രയോജനകരമാണ്.

എന്നാല്‍ദക്ഷിണ റെയില്‍വേയിലെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍നിന്നുള്ള പാര്‍സല്‍ സര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയാണ്. ആര്‍ക്കോണം, പട്ടാമ്പി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍സലുകള്‍ ഇറക്കുന്നതും കയറ്റുന്നതുമാണ് മേയ് 24 മുതല്‍ ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ നിര്‍ത്തലാക്കിയത്. ഇതോടെ ഇനിമുതല്‍ ഈ പത്ത് സ്റ്റേഷനുകളില്‍നിന്ന് ചരക്ക് സാധനങ്ങള്‍ കയറ്റാനോ ഇറക്കാനോ കഴിയില്ല. ഈ സ്റ്റേഷനുകളില്‍ പാര്‍സല്‍ സര്‍വീസ് നിര്‍ത്തിയ വിവരം രാജ്യത്തെ മറ്റു റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഔദ്യോഗികമായി അയച്ചിട്ടുണ്ട്.

സേവനം അഞ്ചു മിനിറ്റിലേറെ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളില്‍

അഞ്ചുമിനിറ്റില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ മാത്രമേ ഇനി പാര്‍സല്‍ സര്‍വീസ് ഉണ്ടാവുകയുള്ളൂ. പാര്‍സല്‍ സര്‍വീസിനെ ആശ്രയിച്ചു ജീവിക്കുന്ന റെയില്‍വേ ലൈസന്‍സ് കൂലി പോര്‍ട്ടര്‍മാരുടെയും അവരെ സഹായിക്കുന്ന മറ്റ് പോര്‍ട്ടര്‍മാരുടെയും അവസ്ഥ ഇതോടെ പ്രയാസത്തിലാകും. കൊയിലാണ്ടിയില്‍ ഒരു സ്ത്രീയടക്കം രണ്ടുപേരാണ് പോര്‍ട്ടര്‍മാരായിട്ടുള്ളത്. ഇവിടെ മത്സ്യബന്ധന ഉപകരണങ്ങളാണ് കൂടുതലായും തീവണ്ടിമാര്‍ഗം പാര്‍സലായി വരുന്നത്. മംഗലാപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍നിന്ന് കൊയിലാണ്ടി ഹാര്‍ബറിലേക്ക് വന്‍തോതില്‍ വലകള്‍ എത്താറുണ്ട്. കൊയിലാണ്ടി സ്റ്റേഷനില്‍ പാര്‍സല്‍ സര്‍വീസ് ഇല്ലാതാവുന്നതോടെ കോഴിക്കോട് സ്റ്റേഷനില്‍ സാധനങ്ങള്‍ ഇറക്കി കൊണ്ടുപോകേണ്ടിവരും. മത്സ്യമേഖലയിലുള്ളവര്‍ക്ക് വലിയ നഷ്ടം ഇതുകൊണ്ട് ഉണ്ടാകും. അതുപോലെ ചെമ്മീന്‍പൊടി, തുണികള്‍ എന്നിവയും കൊയിലാണ്ടിയില്‍ ധാരാളമായി എത്താറുണ്ട്. മുമ്പ് പാല്‍, തൈര് എന്നിവ പാര്‍സലായി ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുമായിരുന്നു.

സ്റ്റേഷന്റെ വരുമാനത്തെ ബാധിക്കും

പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയത് കൊയിലാണ്ടി സ്റ്റേഷന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍. നാഗര്‍കോവില്‍ നിന്നും മംഗളുരുവില്‍ നിന്നും ഫിഷിങ് നെറ്റ് ഉള്‍പ്പെടെയുള്ള പാര്‍സലുകള്‍ കൊയിലാണ്ടിയിലാണ് എത്തുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ കൊയിലാണ്ടി സ്റ്റേഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. വരുമാനം കണക്കിലെടുത്ത് ഇപ്പോള്‍ ബി ക്ലാസ് സ്റ്റേഷനാണ് കൊയിലാണ്ടി. പാര്‍സല്‍ സര്‍വീസ് ഇല്ലാതാകുമ്പോള്‍ വരുമാനം കുറയുകയും കൊയിലാണ്ടി സ്റ്റേഷന്‍ സി ക്ലാസായി തരംതാഴുകയും ചെയ്യുമെന്നാണ് ആശങ്ക. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പാര്‍സലുകള്‍ കൊയിലാണ്ടി സ്റ്റേഷനിലാണ് എത്തിയിരുന്നത്. മാസം 30 ബൈക്ക് വരെ ഇവിടെ പാര്‍സലായി എത്തുമായിരുന്നു.

കൊയിലാണ്ടിയും വടകരയും അടക്കം പത്ത് സ്റ്റേഷനുകളിലെ പാഴ്സല്‍ സംവിധാനം നിര്‍ത്തലാക്കി ചെന്നൈ റെയില്‍വേ കൊമേഴ്സ്യല്‍ മാനേജര്‍ മെയ് 23ന് നല്‍കിയ ഉത്തരവ് ബുധനാഴ്ച മുതല്‍ നിലവില്‍വന്നു. മാഹി, കണ്ണപുരം, കുറ്റിപ്പുറം, പട്ടാമ്പി, കാഞ്ഞങ്ങാട്, ആര്‍ക്കോണം, പയ്യന്നൂര്‍, ചെറുവത്തൂര്‍ എന്നിവയാണ് പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയ മറ്റ് സ്റ്റേഷനുകള്‍. ഇവിടെയെല്ലാം ജോലി ചെയ്യുന്ന പോര്‍ട്ടര്‍മാരുടെ സേവനമാണ് ഇതോടെ ഇല്ലാതാകുന്നത്.

Share
അഭിപ്രായം എഴുതാം