സോൾ: ദക്ഷിണ കൊറിയയിലെ സോളിൽ ഏഷ്യാന എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റൺവേയിൽ ലാൻഡിങ്ങിനു തയാറെടുക്കുന്നതിനിടെ യാണ് എ 321-200 വിമാനത്തിന്റെ വാതിൽ യാത്രക്കാരൻ തുറന്നത്.
ഏകദേശം 200 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം റൺവേയിൽനിന്ന് 200 മീറ്റർ (650 അടി) ഉയരത്തിലായിരുന്നപ്പോഴാണ് സംഭവം. എമർജൻസി വാതിലിനു സമീപത്തിരുന്ന യാത്രക്കാരനാണ് വാതിൽ തുറന്നത്. അപ്രതീക്ഷിതമായി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാൻഡിങ്ങിനു ശേഷം ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു. 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വാതിൽ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.