വിജയകരമായ പ്രൊഫഷണൽ യാത്രയുടെ വഴിയിൽ കാസർഗോഡുകാരൻ

അബുദാബി: 14ാം വയസിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി കരിയർ പടുത്തുയർത്തി ശ്രദ്ധേയനാകുകയാണ് മലയാളി ബാലൻ. കാസർഗോഡ് സ്വദേശി മൂസ ഹഫാൻ ആണ് അബുദാബിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നത്. വിജയകരമായൊരു പ്രൊഫഷണൽ യാത്രയുടെ വഴിയിലാണ് മൂസ ഹഫാൻ എന്ന 14കാരൻ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഹനീഫിന്റെയും റഹ്‌മത്ത് ബീവിയുടെയും മകൻ. കുടുംബത്തോടൊത്ത് അബുദാബിയിൽ താമസം. ചെറുപ്പത്തിലേ ഹോബിയായി കൂടെയുള്ള ഫോട്ടോഗ്രാഫിയെ ജീവിതമാർഗം കൂടിയാക്കിയപ്പോൾ പ്രതിമാസം 5000 മുതൽ 8000 ദിർഹം വരെ ഹഫാൻ സമ്പാദിച്ചുതുടങ്ങി.

ഏഴാം വയസ്സ് മുതലാണ് ഹഫാൻ ഫോട്ടോഗ്രാഫി ഇഷ്ടപ്പെട്ടുതുടങ്ങിയത്. അടുപ്പമുള്ളവരുട ചിത്രങ്ങൾ ക്യാമറിയിൽ എടുക്കാൻ തുടങ്ങി. ചെറുപ്പത്തിലിത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. വളർന്നുതുടങ്ങിയപ്പോൾ ആ ഇഷ്ടവും മൂസഹഫാനൊപ്പം വളർന്നു. തുടർന്ന് ക്യാമറ തന്നെയാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞു. ഹഫാൻ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഗ്രാഫിക്സ് ഡിസൈനിലും താൽപ്പര്യമുണ്ടായിരുന്ന ഹഫാൻ യൂട്യൂബ് ചാനലുകൾ കണ്ട് ലോഗോകളും ഡിസൈനുകളും ഉണ്ടാക്കുന്നതും പഠിച്ചു. കൂടുതൽ പഠിക്കാൻ ഗ്രാഫിക്‌സ് ഡിസൈൻ കോഴ്‌സുകളെ കുറിച്ചന്വേഷിച്ചു. പലയിടത്തും വലിയ ഫീസാണ് പറഞ്ഞത്. അങ്ങനെ, ഫോട്ടോഗ്രാഫിയിലൂടെ നേടിയ ആദ്യ ശമ്പളം കൊണ്ടാണ് ഹഫാൻ കോഴ്‌സിന് ചേരുന്നത്. അബുദാബിയിലെ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഹഫാൻ. മൂത്ത സഹോദരി ഫാത്തിമ അനഹ് ഇതേ സ്‌കൂളിൽ 12ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്രായപൂർത്തി ആകുമ്പോഴേക്കും യുഎഇയിൽ ഒരു മാർക്കറ്റിംഗ് ഏജൻസി തുടങ്ങാനാണ് ഹഫാന്റെ ആഗ്രഹം.

Share
അഭിപ്രായം എഴുതാം