ഗുവാഹത്തി: മണിപ്പുരിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. ബിഷ്‌നുപുർ ജില്ലയിൽ 2023 മെയ് 24 ബുധനാഴ്ചയാണ് സംഭവം. ഇതോടെ നേരത്തേ
ഇളവുവരുത്തിയിരുന്ന കർഫ്യൂ മൂന്ന് ജില്ലകളിൽ വീണ്ടും കർശനമാക്കി.
ബിഷ്‌നുപുരിലെ ഗ്രാമങ്ങളിൽ ബുധനാഴ്ച ആയുധധാരികളായ ചില യുവാക്കളെത്തി വീടുകൾ കയറി പരിശോധന നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നവർ എന്താണ് സംഭവിക്കുന്നതെന്നറിയാൻ പുറത്തിറങ്ങി നോക്കി. അപ്പോൾ തൊയ്ജാം ചന്ദ്രമണി എന്ന 29-കാരന് വെടിയേൽക്കുകയായിരുന്നു. . ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊയ്ജാമിന്റെ മരണത്തോടെ ബിഷ്‌നുപുർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ ഇളവുവരുത്തിയിരുന്ന കർഫ്യൂ വീണ്ടും ശക്തമാക്കി…….
നേരത്തെ രാവിലെ അഞ്ചുമുതൽ വൈകീട്ട് നാലുവരെ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പോലീസ്, അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

