പുതിയ പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. 2023 മെയ് മാസം 28ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് എം പിമാര്‍ പങ്കെടുക്കുന്ന കാര്യം സംശയമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സഭാനാഥനായ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ദളിത് വംശജയായ രാഷ്ട്രപതിയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രപതിയെ മറികടന്നുള്ള നീക്കം അവര്‍ ഗോത്രവര്‍ഗക്കാരി ആയതിനാലാണോയെന്ന് കോണ്‍ഗ്രസ് എം പി. ടി എന്‍ പ്രതാപന്‍ ചോദിച്ചു. ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി എന്നീ മൂന്ന് ഘടകങ്ങളുടെ സംയോജിത സങ്കല്‍പ്പമാണ് പാര്‍ലിമെന്റ് എന്ന് ഭരണാഘടന പറയുന്നു. സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രിയേക്കാള്‍ രാജ്യത്തിന്റെ നേതൃത്വമാണ് പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത്. തന്റെ ദൃശ്യത പരമാവധിയാക്കാന്‍ ഗോത്രവര്‍ഗക്കാരിയായ ഒരു രാഷ്ട്രപതിയെ പ്രധാനമന്ത്രി അവഗണിക്കുന്നത് ഗോത്ര വിഭാഗങ്ങളെയും സ്ത്രീ സമൂഹത്തെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും ടി എന്‍ പ്രതാപന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് അയച്ച കത്തില്‍ പറഞ്ഞു. രാഷ്ട്രപതിയാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. നേരത്തെ, പുതിയ പാര്‍ലമെന്റിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയതും വിവാദമായിരുന്നു. ഭൂമിപൂജ നടത്തി തറക്കല്ലിട്ടത് പ്രധാന മന്ത്രിയായിരുന്നു. പാര്‍ലമെന്റിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്തതും പ്രധാന മന്ത്രിയാണ്. രാഷ്ട്രീയ നേട്ടത്തിന് ആര്‍ എസ് എസും ബി ജെ പിയും പാര്‍ലിമെന്റിനെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം കടുപ്പിക്കുകയാണ്. സവര്‍ക്കര്‍ ജയന്തി ദിനം ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നും വിമര്‍ശനമുയരുന്നു. ദളിതയായ രാഷ്ട്രപതിയെ അവഗണിച്ചെന്ന ആക്ഷേപം കടുപ്പിച്ചും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.

Share
അഭിപ്രായം എഴുതാം