ഡെറാഡൂണ്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമെന്നു പ്രശസ്തമായ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ചെരിയുന്നതായി റിപ്പോര്‍ട്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ശിവക്ഷേത്രം അഞ്ചുമുതല്‍ ആറു ഡിഗ്രിവരെയും ക്ഷേത്രവളപ്പിലെ മറ്റു നിര്‍മിതികള്‍ 10 ഡിഗ്രിവരെയും ചെരിഞ്ഞതായാണു പഠനത്തില്‍ വ്യക്തമായത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.
രുദ്രപ്രയാഗ് ജില്ലയില്‍ 12,800 അടി ഉയരത്തിലാണു തുംഗനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ കട്യൂരി ഭരണാധികാരികളാണ് ക്ഷേത്രം നിര്‍മിച്ചതെന്നു കരുതുന്നു. ബദരി-കേദാര്‍ ക്ഷേത്ര സമിതി (ബി.കെ.ടി.സി)യുടെ കീഴിലാണു ക്ഷേത്രഭരണം. ക്ഷേത്രത്തെ സംരക്ഷിത സ്മാരകങ്ങളുടെ ഗണത്തില്‍പ്പെടുത്തണമെന്നു കണ്ടെത്തല്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ച് കേന്ദ്രസര്‍ക്കാരിനോട് എ.എസ്.ഐ. അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുള്ളപക്ഷം അറിയിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
ക്ഷേത്രം ചെരിയുന്നതു സംബന്ധിച്ച കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ കത്ത് മുഖാന്തിരം ഭരണസമിതിയെ അറിയിച്ചിട്ടുണ്ടെന്ന് എ.എസ്.ഐ. അധികൃതര്‍ അറിയിച്ചു. ഇക്കാര്യം അടുത്തിടെ ചേര്‍ന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്‌തെന്നും ക്ഷേത്രസമുച്ചയം എ.എസ്.ഐക്കു കൈമാറി തകരാര്‍ പരിഹരിച്ച് പൂര്‍വസ്ഥിതിയിലാക്കുന്നതിനോടു യോജിപ്പിച്ചില്ലെന്നും ഭരണസമിതി വ്യക്തമാക്കി.

