കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. പുറത്തിൽ ചാക്കോച്ചൻ (65), പ്ലാവന കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചു. സാമുവല്‍ കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്ന് നാട്ടിലെത്തിയത്. വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നുള്ള ആക്രമണമേറ്റാണ് സാമുവല്‍ മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണമല അട്ടിവളവിനെ സമീപം 19/05/23 വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ചാക്കോച്ചൻ വീടിന്റെ പൂമുഖത്തിരിക്കുകയായിരുന്നു ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചൻ റബ്ബർ തോട്ടത്തിൽ ജോലിയിൽ ആയിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.
തോമാച്ചൻ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്തെ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. നടപടി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ ആണ് സമരം നടക്കുന്നത്. കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.

