കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന ധാരണയില്‍ കോണ്‍ഗ്രസ് എത്തിയെങ്കിലും ഡി.കെ. ശിവകുമാര്‍ വഴങ്ങാതെ നില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനം നീളുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുകയാണ്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദിപ് സിങ് സുര്‍ജേവാലയുടെ വസതിയിലെത്തി ഡി.കെ. ശിവകുമാര്‍ ചര്‍ച്ച നടത്തി. ഇതിനു പിന്നാലെ സുര്‍ജേവാല കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി. മുതിര്‍ന്ന നേതാക്കളായ എം.ബി. പാട്ടീല്‍, കെ.സി. വേണുഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് തുടങ്ങിയവരും ഖാര്‍ഗെയുടെ വസതിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബംഗളൂരുവിലേക്കുള്ള യാത്ര റദ്ദാക്കിയ സിദ്ധരാമയ്യ അടക്കം നേതാക്കളെല്ലാം ഡല്‍ഹിയില്‍ തുടരുകയാണ്. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരും നേതാക്കളുമായി ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം പാടില്ലെന്ന് സുര്‍ജേവാല കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ഇത് ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം തന്നെ വേണമെന്നും വീതംവയ്പ്പാണെങ്കില്‍ ആദ്യം ടേം വേണമെന്നുമുള്ള കടുത്ത നിലപാടിലാണു ശിവകുമാര്‍. ടേം വ്യവസ്ഥകള്‍ പരസ്യമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആറു പ്രധാന വകുപ്പുകളും രണ്ടു വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. എന്നാല്‍, ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും എന്ന സൂചനകള്‍ പുറത്തുവന്നതോടെ ശിവകുമാര്‍ ഓഫര്‍ തള്ളിയെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഉപമുഖ്യമന്ത്രി ആണെങ്കില്‍ മാത്രമേ സ്ഥാനം സ്വീകരിക്കൂവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കൂടാതെ ആഭ്യന്തരവകുപ്പിനുമേലും ശിവകുമാര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം, പുറത്തുകേള്‍ക്കുന്നതൊക്കെ ഊഹാപോഹങ്ങളാണെന്നും ഇതുവരെ കേട്ടതൊന്നും സത്യമല്ലെന്നും പറഞ്ഞ് ഡി.കെ ശിവകുമാര്‍ തന്നെ രംഗത്തെത്തി. സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ശിവകുമാറിന് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുന്‍പേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും ബംഗളൂരുവിലെ ആഹ്ലാദ പ്രകടനവും ശിവകുമാറിനെ ചൊടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്നു നടക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, ചര്‍ച്ചകള്‍ തുടരുകയാണെന്നും ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കായി ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടത്തിവന്നിരുന്ന ഒരുക്കങ്ങളും നിര്‍ത്തിവച്ചു. സുര്‍ജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ശിവകുമാറിന്റെ സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്നലെ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയെയും കണ്ടു ചര്‍ച്ച നടത്തി. മുഖ്യമന്ത്രിസ്ഥാനം തന്നെ വേണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ശിവകുമാര്‍ നേതാക്കളെ അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അദ്ദേഹം കണ്ടു. തന്റെ നേതൃത്വത്തിലാണു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ജയിച്ചതെന്നും വിജയം ഉറപ്പിക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്‌തെന്നുമാണു ശിവകുമാറിന്റെ നിലപാട്.