ഡോ. വന്ദനാ വധം: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി യു.പി. സ്‌കൂള്‍ അധ്യാപകനായ ജി. സന്ദീപിനെ അഞ്ച് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 16/05/23 ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്നു സന്ദീപിനെ ഹാജരാക്കിയിരുന്നു.

സന്ദീപിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരായി. ഡോ. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക കണ്ടെടുത്തതിനാല്‍ തെളിവു ശേഖരണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്നു ആളൂര്‍ വാദിച്ചു. ഡോക്ടറെ ആക്രമിച്ചതിനാല്‍ സന്ദീപിന് വൈദ്യ സഹായം ലഭിച്ചില്ലെന്നും സന്ദീപിന്റെ ഇടതു കാലിന് പരുക്കുണ്ടെന്നും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇതിനാല്‍ കസ്റ്റഡിയില്‍ വിടരുതെന്നുമായിരുന്നു ആളൂരിന്റെ ആവശ്യം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കയായിരുന്നു. 20-ന് ഉച്ചയ്ക്ക് ഒന്നുവരെയാണ് കസ്റ്റഡി കാലാവധി. റിമാന്‍ഡില്‍ കഴിയുന്ന സന്ദീപിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

സന്ദീപിനെതിരേ പരമാവധി തെളിവുകള്‍ ഇതിനകം പോലീസ് ശേഖരിച്ചു. സന്ദീപിന്റെ ശാരീരിക, മാനസിക നിലയെക്കുറിച്ചു പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കും. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കോടതിക്ക് കൈമാറി. കോടതി അനുമതിയോടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →