യംഗൂണ്‍: മ്യാന്‍മറില്‍ നാശം വിതച്ച് ആഞ്ഞടിച്ച മോക്ക ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. നൂറുകണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും തകര്‍ന്നു. കാറ്റില്‍ വലിയ മരങ്ങള്‍ നിലംപതിച്ചതോടെ വാര്‍ത്താവിനിമയ വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. ഗതാഗതവും തടസപ്പെട്ടു. തലസ്ഥാനമായ സിറ്റ്വെയും ഇതരമേഖലകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി.
വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി പുറംലോകം അറിഞ്ഞുവരുന്നതേയുള്ളൂ.
റാഖിന്‍ സംസ്ഥാനത്ത് കാറ്റിലും പേമാരിയിലുംപെട്ട് 41 പേരാണു മരിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പുകളും തകര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍. റാതേഡങ്ങില്‍ ആശ്രമം തകര്‍ന്നാണ് 13 പേര്‍ മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. അതേസമയം, മോക്ക നാശം വിതച്ച മ്യാന്‍മറിന് സഹായവാഗ്ദാനവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീതിയില്‍ 7.5 ലക്ഷത്തോളം പേരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നതായി ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു.