കോഴിക്കോട്: കേരളം ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും നാടായി മാറുകയാണ്. തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ ദുരൂഹ മരണം, മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകം, ട്രെയിൻ ആക്രമണങ്ങൾ തുടങ്ങി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്കാരിക പ്രമുഖരും മൗനം തുടരുകയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് വ്യക്തമാക്കി.
കേരളത്തിനു പുറത്തെ പ്രശ്നങ്ങൾക്കുപോലും ഓടിപോകുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും എന്തുകൊണ്ട് മലപ്പുറത്തേക്കു തിരിഞ്ഞു നോക്കിയില്ല. ആ കുടുംബത്തിനു നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. ഇക്കാര്യത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും രമേശ് കൂട്ടിച്ചേർത്തു.
റോഡ് ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെൽട്രോണും അൽഹിന്ദുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത് കോഴിക്കോട്ടെ പാർലമെന്റ് അംഗമായ സിപിഎം നേതാവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിൽ വച്ചാണ് ചർച്ച നടന്നത്. അൽഹിന്ദിന് കൊടുക്കാനുള്ള മൂന്നു കോടി രൂപയിൽ ഒരു കോടി രൂപ നൽകിയത് ഈ ചർച്ചയെ തുടർന്നാണ്. രണ്ടു കോടി രൂപ നൽകാത്തതിനാലാണ് ഇപ്പോൾ പ്രശ്നങ്ങൾ പുറത്തായതെന്നും എം.ടി. രമേശ് പറഞ്ഞു.

