ഏലൂർ: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് പോകാൻ വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2023 മെയ് 14 ഞായറാഴ്ച രാവിലെ 11 മണിയോടെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് തയ്യാറായി പോകുന്നതിനായി വെള്ള ഷർട്ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാൽ അവർ അതുചെയ്തില്ല. തുടർന്ന് രോഷാകുലനായ പതിനൊന്നുകാരൻ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.
ഷർട്ട് ഒന്നും ധരിക്കാതെ ഒരു ടവ്വൽ മാത്രം ധരിച്ചുകൊണ്ടാണ് പതിനൊന്നുകാരൻ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുടുംബത്തിന്റെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തു. തുടർന്ന് കുട്ടിക്ക് പിറന്നാളിന് പോകാൻ വെള്ള ഷർട്ട് നൽകാമെന്ന ഉറപ്പിന്മേൽ ലക്ഷ്മിയേയും ഭർത്താവിനെയും പൊലീസ് വിട്ടയച്ചു.