കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഗെലോട്ടിന് പൈലറ്റിന്റെ അന്ത്യശാസനം

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനവുമായി സച്ചിൻ പൈലറ്റ് രംഗത്ത്. കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് സച്ചിന്റെ അന്ത്യശാസനം. ഇക്കാര്യത്തിൽ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും സച്ചിൻ മുന്നറിയിപ്പ് നൽകി. 5 ദിവസമായി രാജസ്ഥാനിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് സച്ചിന്റെ മുന്നറിയിപ്പ് ഉണ്ടായത്.

അതേസമയം രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സച്ചിൻ പൈലറ്റിനെ തള്ളി രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് സുഖ്‌വിന്ദർ സിങ് രൺധാവ നേരത്തെ രംഗത്തെത്തിയിരുന്നു. സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാൻഡിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സംസ്ഥാനത്ത് സ്വന്തം സർക്കാരിനെതിരെ പദയാത്ര നടത്തിയ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ പി സി സി അധ്യക്ഷനും വിമർശിച്ച് രംഗത്തെത്തെയിരുന്നു. സച്ചിന്റെ യാത്ര തെറ്റാണെന്നല്ല, മറിച്ച് തെരഞ്ഞെടുത്ത സമയം തെറ്റാണെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചയിൽ സച്ചിൻ പൈലറ്റിന്റെ യാത്ര ഉയർന്നുവന്നിരുന്നു എന്നും രാജസ്ഥാൻ പി സി സി അധ്യക്ഷൻ വ്യക്തമാക്കി. അതേസമയം രാജസ്ഥാനിൽ ഏറെ നാളായി തുടരുന്ന അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് തർക്കം പരിഹാരമില്ലാതെ നീളുകയാണ്. ഇതെങ്ങനെ തീർക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വ്യക്തതയില്ല. അതിനാൽ തന്നെ പ്രതിസന്ധി കൂടുതൽ കുഴഞ്ഞുമറിഞ്ഞ് പോവുകയുമാണ്.

എന്നാൽ വസുന്ധര രാജയുടെ അഴിമതിക്ക് കുടപിടിച്ചുവെന്ന സച്ചിന്റെ ആരോപണം ഗലോട്ടിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. മുൻ സർക്കാരിനെതിരായ അഴിമതികളിൽ അന്വേഷണം നടത്താത്താതത് പാർട്ടിക്കുള്ളിലും ചർച്ചയായി കഴിഞ്ഞു. വസുന്ധരയുമായി ബന്ധമില്ലെന്നും, അത്തരം പ്രചാരണം നടത്തുന്നവർ അപകടകാരികളാണെന്നുമാണ് ഗലോട്ട് പ്രതികരിച്ചത്.

കർണ്ണാടകയിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം രാജസ്ഥാനിലെ തമ്മിലടിയിലേക്ക് കടക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ വിഷയം പരിഹരിക്കുമെന്നത് ഹൈക്കമാൻഡിന് വലിയ വെല്ലുവിളിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →