കൊല്ലം ∙ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 2023 മെയ് 13ന് വൈകുന്നേരം 5നാണ് സംഭവം. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ അഞ്ചാലുംമൂട് പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഡോക്ടറുടെ മുറിയിൽ കയറിയ ഇയാൾ മേശ മറിച്ചിടാൻ ശ്രമിച്ചു. ഡ്യൂട്ടി ഡോക്ടർ ജാസ്മിനും രണ്ട് ഹൗസ് സർജൻമാരും ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ഓടിമാറി. മൂന്നു പൊലീസുകാരുടെ സാന്നിധ്യത്തിൽ വച്ച് ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഡോക്ടർമാർ തന്നെയാണ് വിഡിയോ പകർത്തിയത്.