ഇസ്ലാമാബാദ് : തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താൻ സുപ്രിംകോടതി ഉത്തരവ്. ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2023 മെയ് 9 ചൊവ്വാഴ്ചയാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. 15 വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയോടെയാണ് ഇമ്രാനെ കോടതിയിൽ ഹാജരാക്കിയത്.
ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാനെ തടഞ്ഞുവച്ചതും തുടർന്ന് അറസ്റ്റ് ചെയ്തതും രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്ക് കനത്ത നാണക്കേടാണെന്ന് പാകിസ്താൻ ചീഫ് ജസ്റ്റിസ് ഉമർ ബത്താ ബാൻഡിയൽ വിമർശിച്ചു. ഖാന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള പിടിഐയുടെ അപ്പീൽ പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷതയിൽ സംസാരിക്കവെയാണ് കോടതി വിമർശനം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ മുഹമ്മദ് അലി മസർ, അത്തൽ മിനല്ല എന്നിവരും ബെഞ്ചിലുണ്ട്.
നിയമപരമായാണ് ഇമ്രാൻ ഖാനെ എൻഎബി അറസ്റ്റ് ചെയ്തതെന്ന ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് പിടിഐ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വളപ്പിൽ വച്ച് അർധസൈനിക സേന ഇമ്രാനെ നാടകീയമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ പ്രതിഷേധങ്ങളും സംഘർഷങ്ങളുമാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്നത്.

