ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ കലാപസമാന അന്തരീക്ഷം; പാക് കരസേനാ ആസ്ഥാനത്ത് കല്ലേറ്

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനെ പാകിസ്താനിലെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരിയിലുൾപ്പെടെ കലാപസമാന അന്തരീക്ഷം. ഇമ്രാൻ ഖാന്റെ അനുയായികൾ റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തു. രാജ്യത്ത് വിവിധ ഇടങ്ങളിൽ വലിയ പ്രതിഷേധവും അക്രമ സംഭവങ്ങളും നടക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് അദ്ദേഹം അധ്യക്ഷനായ പിടിഐയുടെ പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധസമരങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. ഇമ്രാൻ ഖാന്റെ അനുയായികൾ ലാഹോർ കണ്ടോന്റ്‌മെന്റിലെ കോർപ്‌സ് കമാൻഡേഴ്‌സ് ഹൗസിലേക്ക് ഇരച്ചുകയറി. റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്തേക്കും ഇമ്രാന്റെ അനുയായികൾ പ്രതിഷേധവുമായെത്തി. സേന ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ജനക്കൂട്ടം കല്ലേറ് നടത്തി. ആദ്യമായാണ് പാക് കരസേനാ ആസ്ഥാനത്ത് കല്ലേറുണ്ടാകുന്നത്.

അഴിമതി കേസുമായി ബന്ധപ്പെട്ട കേസിലാണ് 09/05/23 ചൊവ്വാഴ്ച ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അധികാരത്തിൽനിന്ന് പുറത്തുപോയതിനു ശേഷം ഇമ്രാൻ ഖാനെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവിൽക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകൾ ഇമ്രാൻ നേരിടുന്നുണ്ട്. കേസുകളിൽ നിരവധി തവണ ചോദ്യംചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.

ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗത്തിന്റെ ഒരു വലിയ സംഘം ഉദ്യോഗസ്ഥർ തടഞ്ഞ് വാഹനത്തിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇമ്രാൻ ഖാനെ സൈന്യം മോശപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തതായി ഇമ്രാന്റെ പാർട്ടിയായ പിടിഐ ആരോപിക്കുകയും ചെയ്തു. ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →