കട്ടപ്പന: ഒൻപതു വർഷം മുമ്പ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ അച്ഛനും മകനും ജീവപര്യന്തം കഠിനതടവ്. തമിഴ്നാട് കമ്പം വടക്കുപെട്ടി സ്വദേശികളായ ജയരാജ്, മകൻ കറുപ്പ് സ്വാമി എന്നിവരെയാണ് മുട്ടം മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വൃദ്ധ ദമ്പതികളായ പൊട്ടൻകാട് സ്വദേശി അപ്പുക്കുട്ടനെയും ഭാര്യ ശാന്തമ്മയേയുമാണ് ജയരാജും, മകൻ കറുപ്പ് സ്വാമിയും ചേർന്ന് കൊലപ്പെടുത്തിയത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികൾക്ക് ഒൻപത് വർഷത്തിനു ശേഷമാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒന്നാം പ്രതി ജയരാജനും, രണ്ടാം പ്രതി കറുപ്പ് സ്വാമിക്കും മൂന്ന് ജീവപര്യന്തവും, ഇരുപതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മൂന്നാം പ്രതിയും, ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു. കേസിൽ 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. സാഹചര്യ തെളിവിനൊപ്പം ശാസ്ത്രീയ തെളിവുകളും പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ സഹായകമായി.
തമിഴ്നാട്ടിലെ കമ്പം വടക്കുപെട്ട് സ്വദേശികളും നിരവധി കേസുകളിൽ പ്രതികളുമായ ജയരാജും കുടുംബവും 2003 ലാണ് പൊട്ടൻകാട് എത്തുന്നത്. കൊല്ലപ്പെട്ട അപ്പുക്കുട്ടന്റെ വസ്തുവിലായിരുന്നു ഇവരുടെ താമസം. ഇരുകൂട്ടരും തമ്മിലുണ്ടായ അതിർത്തി തർക്കവും വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

