‘ബിജെപിക്ക് ഇത് മനസിലാകില്ല’; കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്ന ജയറാം രമേശിന്റെ ട്വീറ്റ്

ദില്ലി : മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓർമക്കുറിപ്പിൽ നിന്നുള്ള ഒരു ഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച് കേരളത്തിന്റെ രാഷ്ട്രീയത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി തന്നെ ഒരു മുഴുവൻ സമയ സിപിഐഎം പ്രവർത്തകയാകാൻ സഹായിച്ചതെങ്ങനെ എന്ന് കെ കെ ശൈലജ വിവരിക്കുന്ന ഭാഗമാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന കെ കെ ശൈലജയുടെ പുസ്തകത്തിൽ ആന്റണിയെക്കുറിച്ച് എഴുതിയിരിക്കുന്ന അനുഭവക്കുറിപ്പ് കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് ട്വീറ്റിലൂടെ ജയറാം രമേശ് പറയുന്നത്

2004ൽ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് മുന്നിലെത്തി നിന്നപ്പോഴുള്ള പ്രതിസന്ധി കെ കെ ശൈലജ വിവരിക്കുന്ന ഭാഗത്താണ് ആന്റണി തനിക്ക് ചെയ്ത സഹായത്തെക്കുറിച്ച് പറയുന്നത്. മുഴുവൻ സമയ സിപിഐഎം പ്രവർത്തകയാകണമെങ്കിൽ ശൈലജയ്ക്ക് അധ്യാപക ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കണമായിരുന്നു. 20 വർഷം സർവീസിലിരുന്നവർക്ക് മാത്രമാണ് വിആർഎസ് എടുക്കാനാകുക. ശൈലജയ്ക്ക് ആകെ 23 വർഷം സർവീസുണ്ടായിരുന്നെങ്കിലും എംഎൽഎ ആയിരുന്നതിനാൽ അതിൽ അഞ്ച് വർഷം അവധി എടുത്തിരുന്നു.

വിരമിക്കുന്നതിന് സർക്കാരിന്റെ സഹായം കൂടിയേ തീരൂ എന്ന നില വന്നപ്പോൾ കെ കെ ശൈലജ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ നേരിൽപ്പോയി കണ്ടു. തനിക്ക് 20 വർഷം സർവീസ് ഉണ്ടെന്ന് ഉറപ്പിക്കുന്നതിനായി പ്രത്യേക ഉത്തരവ് ഇറക്കണമെന്നായിരുന്നു ശൈലജയുടെ ആവശ്യം. സ്‌കൂൾ ഉണ്ടെങ്കിൽ 4 മണി കഴിഞ്ഞേ ഞങ്ങളുടെ പാർട്ടിക്കെതിരെ നിങ്ങൾ പ്രവർത്തിക്കൂ, ഇനിയിപ്പോൾ 10 മണി മുതൽ അത് തുടങ്ങണോ എന്നായിരുന്നു ആന്റണിയുടെ നർമം ചാലിച്ച മറുപടി. ധനമന്ത്രിക്ക് അപേക്ഷ നൽകാൻ ആന്റണി നിർദേശം നൽകി. അന്നത്തെ ധനമന്ത്രി ശങ്കരനാരായണനെ കാണാൻ എത്തിയപ്പോഴേക്കും എല്ലാം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചിരുന്നുവെന്നും ശൈലജ ഓർത്തെടുക്കുന്നു.

രാഷ്ട്രീയ വൈരികളാണെങ്കിലും ആന്റണി സർക്കാർ തനിക്കുവേണ്ടി താൻ ആഗ്രഹിച്ചതുപോലെ പ്രത്യേക ഉത്തരവ് ഇറക്കുക തന്നെ ചെയ്തുവെന്ന് പുസ്തകത്തിലൂടെ കെ കെ ശൈലജ പറയുന്നു. ശക്തനായ കോൺഗ്രസ് നേതാവായ എ കെ ആന്റണിയെക്കുറിച്ചുള്ള കെ കെ ശൈലജയുടെ അനുഭവക്കുറിപ്പ് കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെയാണ് കാണിക്കുന്നതെന്നും ഇത് ഒരിക്കലും ബിജെപിയ്ക്ക് മനസിലാകാൻ പോകുന്നില്ലെന്നും ട്വീറ്റിലൂടെ ജയറാം രമേശ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →