കോഴിക്കോട്: ചോദ്യക്കടലാസിന്റെ കുറവു മൂലം നീറ്റ് പരീക്ഷ തുടങ്ങാന്‍ വൈകി. കോഴിക്കോട് ഈങ്ങാപ്പുഴയിലെ മാര്‍ ബസേലിയോസ് എച്ച്.എസ്.എസിലെ പരീക്ഷാ കേന്ദ്രത്തിലാണു സംഭവം. പരീക്ഷയ്‌ക്കെത്താതിരുന്ന വിദ്യാര്‍ഥികളുടെ ചോദ്യക്കടലാസും തൊട്ടടുത്ത കേന്ദ്രത്തില്‍നിന്ന് എത്തിച്ച ചോദ്യക്കടലാസും നല്‍കിയാണു അര മണിക്കൂറിന് ശേഷം പരീക്ഷ തുടങ്ങിയത്. 24 ചോദ്യക്കടലാസുകളുടെ കുറവാണ് ഇവിടെയുണ്ടായിരുന്നത്. പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നീറ്റ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍. രാമചന്ദ്രന്‍ നായരെ വിവരം അറിയിച്ചു. ഇദ്ദേഹം ഡല്‍ഹിയിലെ നീറ്റ് ഓഫീസില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണു ചോദ്യക്കടലാസ് ക്രമീകരിക്കാനുള്ള നടപടി സ്വീകരിച്ചത്.
അതിനിടെ, കോഴിക്കോട് ഫറോക്കിലെ അല്‍ഫറൂഖ് സ്‌കൂളിലെ കേന്ദ്രത്തില്‍ വിദ്യാര്‍ഥിക്ക് ഒ.എം.ആര്‍. ഷീറ്റ് മാറി നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. പരീക്ഷയ്‌ക്കെത്താതിരുന്ന വിദ്യര്‍ഥിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിഗണിക്കാതെ അടുത്ത വിദ്യാര്‍ഥിക്ക് ഒ.എം.ആര്‍. ഷീറ്റ് മാറി നല്‍കിയെന്നാണ് ആരോപണം. വിഷയത്തില്‍ വിദ്യാര്‍ഥിക്കു നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പലായ സെന്‍ട്രല്‍ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കും.

