മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ തക്കതായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യൽ ഇൻവിസ്റ്റിഗേഷൻ ടീം രൂപീകരിച്ചായിരിക്കും അന്വേഷണം നടക്കുക. 2023 മെയ് 7ന് വൈകിട്ടാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്.
ആശ്വസിപ്പിക്കാൻ കഴിയാത്ത സംഭവമാണ് താനൂരിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം എംഎൽഎമാരും കക്ഷിനേതാക്കളും അവലോകന യോഗത്തിൽ പങ്കെടുത്തു. വാക്കുകളിൽ രേഖപ്പെടുത്താനാകാത്ത ദുരന്തമാണ് താനൂരിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ട് പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇതിനുമുൻപുണ്ടായിട്ടുള്ള ദുരന്തങ്ങളിലെല്ലാം കരുതൽ നടപടികൾക്കായുള്ള നിർദേശങ്ങൾ വച്ചിരുന്നു. താനൂർ അപകടത്തിൽ ആ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഒരു കുടുംബത്തിലെ പന്ത്രണ്ട് പേരടക്കം 22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന് കാരണമായ നിയമലംഘനങ്ങളിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.

