തിരുവനന്തപുരം: സി.പി.എം. അനുകൂലസംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലിയില്‍നിന്നു വിട്ടുനിന്നതിനേത്തുടര്‍ന്ന് 03/05/23 ബുധനാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഉച്ചഭക്ഷണ ഇടവേളയായ 1.15-2.15 വരെയാണു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യപ്രഭാഷകനായ സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടി സമാപിച്ചത് 2.54-ന്. ലഘുഭക്ഷണവും കഴിഞ്ഞ് ജീവനക്കാര്‍ ഇരിപ്പിടങ്ങളില്‍ മടങ്ങിയെത്തിയപ്പോഴേക്കു പിന്നെയും വൈകി.
സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവര്‍ണ ജൂബിലി കോണ്‍ഫറന്‍സ്. ”ആര്‍.എസ്.എസിന്റെ വര്‍ഗീയതയും ഇന്ത്യന്‍ രാഷ്ട്രീയവും” എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം. ഉച്ചഭക്ഷണ ഇടവേളയിലാണു പരിപാടി സംഘടിപ്പിച്ചതെന്നും യെച്ചൂരി എത്താന്‍ വൈകിയതിനാല്‍ പ്രസംഗം നീണ്ടുപോയെന്നുമാണ് അസോസിയേഷന്റെ വിശദീകരണം.
സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കുകയാണു ”ദ കേരള സ്‌റ്റോറി” എന്ന വിവാദ സിനിമയുടെ ലക്ഷ്യമെന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത യെച്ചൂരി പറഞ്ഞു. സിനിമ നിരോധനത്തിനു സി.പി.എം. എതിരാണ്. എന്നാല്‍, കേരള സ്‌റ്റോറിയുടെകാര്യം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

