മോസ്‌കോ: പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ അയച്ച രണ്ട് ഡ്രോണുകള്‍ വെടിവച്ചുവീഴ്ത്തിയെന്നു റഷ്യ. പ്രസിഡന്റിനു നേരേയുണ്ടായ വധശ്രമത്തിനു തക്കസമയത്തു പ്രതികാരനടപടിയുണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ ക്രെംലിന്‍ കൊട്ടാരം ലക്ഷ്യമിട്ടെത്തിയ രണ്ട് യുക്രൈന്‍ ഡ്രോണുകള്‍ റഡാര്‍ സംവിധാനമുപയോഗിച്ച് തിരിച്ചറിഞ്ഞതിനേത്തുടര്‍ന്ന് സൈന്യം വെടിവച്ച് വീഴ്ത്തുകയായിരുന്നെന്നു റഷ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. പുടിന്‍ സുരക്ഷിതനാണ്. കൊട്ടാരത്തിനും കേടുപാടുകളില്ല. പ്രസിഡന്റിനുനേരേ യുക്രൈന്‍ നടത്തിയ ഭീകരാക്രമണശ്രമമാണു പരാജയപ്പെടുത്തിയതെന്നും റഷ്യ അവകാശപ്പെട്ടു.
ക്രെംലിന്‍ കൊട്ടാരത്തിനു മുകളില്‍ ആകാശത്തു പുകയുയരുന്ന ദൃശ്യങ്ങളാണു സൈന്യത്തിന്റെ ഔദ്യോഗിക ടിവി ചാനലായ സ്‌വെസ്ദ ഉള്‍പ്പെടെയുള്ള റഷ്യന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തേത്തുടര്‍ന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കുമേല്‍ ഡ്രോണുകള്‍ പറത്തുന്നതു നിരോധിച്ച് മേയര്‍ സെര്‍ജി സോബ്യാനിന്‍ ഉത്തരവിറക്കി.
നിഷേധിച്ച് യുക്രൈന്‍
പുടിനുനേരേ വധശ്രമമുണ്ടായെന്നു റഷ്യ പ്രഖ്യാപിച്ചതിനു പിന്നാലെ, യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. റഷ്യ ആരോപിക്കുന്ന ഡ്രോണ്‍ ആക്രമണനീക്കത്തില്‍ പങ്കില്ലെന്നു യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് മിഖായ്‌ലോ പോഡോല്യാക് വ്യക്തമാക്കി. റഷ്യ ലക്ഷ്യമിടുന്ന ഭീകരാക്രമണനീക്കത്തിന്റെ സൂചനയാണു ഡ്രോണ്‍ ആക്രമണവാര്‍ത്തയെന്നും പ്രസിഡന്റിന്റെ ഓഫീസ് ആരോപിച്ചു. മോസ്‌കോയില്‍ നടക്കാനിരിക്കുന്ന മേയ് ഒന്‍പത് വിജയദിന പരേഡിനെ സംഭവം ബാധിക്കില്ലെന്നു റഷ്യ വ്യക്തമാക്കി.

