കൊച്ചി: വി കെപ്രകാശ് സംവിധാനം ചെയ്ത് മംമ്താ മോഹന്‍ദാസ്, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയാവാര്യര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ലൈവ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രമേഖലയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു.
കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത് ട്രെയിലറിന്റെ പ്രകാശനം നിര്‍വഹിച്ചു. സൗണ്ട് ഡിസൈനറും ഓസ്കര് ജേതാവുമായ റസൂല്‍ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങള്‍ പ്രകാശനം ചെയ്തു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്, സംവിധായകന് എസ്.എന്‍ സ്വാമി എന്നിവര്‍ ചടങ്ങില്‍ ശ്രദ്ധാകേന്ദ്രങ്ങളായി.
ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിക്കാന്‍ മത്സരിക്കുന്ന പുതിയ മാധ്യമ സംസ്കാരം എങ്ങനെയൊക്കെ ചില വ്യക്തികളെ മുറിവേല്‍പ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു പീഡിയാട്രിക് സര്‍ജന്റെ വേഷമാണ് മംമ്ത ചെയ്യുന്നത്. മംമ്തയുടെ ഭര്‍ത്താവായി സൗബിന് അഭിനയിക്കുന്നു. ഒരു മാധ്യമസ്ഥാപനത്തിന്റെ തലവനാണ് ഷൈന്‍ ടോം ചാക്കോ. ഒരു ഇടത്തരം കുടുംബത്തിലെ വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ പ്രിയാവാര്യരും അഭിനയിക്കുന്നു.
ഒരുത്തീക്ക് ശേഷം വി.കെ.പി-സുരേഷ് ബാബു ഒന്നിക്കുന്ന ചിത്രംകൂടിയാണ് ലൈവ്. ഫിലിം 24, ദര്പ്പന്ബംഗേജ എന്നീ ബാനറുകളില്‍ നിഥിന് കുമാറും ദര്‍പ്പന്‍ ബംഗേജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 12 ന് തിയറ്ററുകളിലെത്തും.

