തിരൂര്‍: വന്ദേ ഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെക്കുറിച്ചു സൂചനയില്ല. റെയില്‍വേ പോലീസും കേരളാ പോലീസും അന്വേഷണം നടത്തുന്നുണ്ട്. തിരുന്നാവയ്ക്കും തിരൂരിനുമിടയില്‍ ഓടിക്കൊണ്ടിരിക്കെ വൈകിട്ട് 5.15നാണ് വന്ദേ ഭാരതിനു നേരേ കല്ലേറുണ്ടായത്. രണ്ടു ചില്ലുകള്‍ തകര്‍ന്നതൊഴികെ മറ്റു കേടുപാടുകളില്ലാത്തതിനാല്‍ ട്രെയിന്‍ യാത്ര തുടര്‍ന്നു.
വന്ദേ ഭാരത് തിരൂരില്‍ നിര്‍ത്താത്തത് മലപ്പുറം ജില്ലയോടുള്ള അവഗണനയാണെന്നാരോപിച്ച് പ്രക്ഷോഭം നടന്നിരുന്നു. ഓടുന്ന ട്രെയിനുകള്‍ക്കു നേരേ കല്ലേറു നടത്തിയ കേസുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരൂര്‍ താനൂര്‍ പാതയില്‍ മുമ്പൊരിക്കല്‍ ട്രെയിനിനു നേരേ കല്ലെറിഞ്ഞത് കുട്ടികളാണെന്നു തിരിച്ചറിഞ്ഞിരുന്നു. കൗതുകത്തിന് എറിഞ്ഞതാണെന്നാണ് അന്നു കുട്ടികള്‍ പറഞ്ഞത്.