വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി

ന്യൂഡൽഹി : വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രിംകോടതി നിർദേശം . എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വിദ്വേഷ പ്രസംഗം നടത്തുന്ന കേസുകളിൽ സ്വമേധയാ നടപടിയെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പൊലീസിന് നിർദേശം നൽകിയ 2022 ഒക്ടോബറിലെ ഉത്തരവാണ് നിലവിൽ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കി 2023 ഏപ്രിൽ 28ന് സുപ്രീം കോടതി ഉത്തരവിട്ടത്.

വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫിന്റെയും ബി വി നാഗരത്‌നയുടെയും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുവിഭാഗങ്ങൾക്കുമിടയിൽ വിദ്വേഷം പടർത്തുക, രാജ്യത്തെ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളിൽ പരാതിക്ക് കാത്തുനിൽക്കാതെ തന്നെ ഇനിമുതൽ പൊലീസ് കേസെടുക്കണം.

ഏതെങ്കിലും ഒരു മതത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന നിർദേശവും സുപ്രിംകോടതി സംസ്ഥാനങ്ങൾക്ക് നൽകി. ഇത്തരത്തിൽ സ്വമേധയാ കേസെടുക്കാതിരുന്നാൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →