തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എൻസി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. എ ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങൾ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു.
എ ഐ ക്യാമറ വിവാദം ഉയർത്തി 2023 മെയ് മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കെൽട്രോൺ മുൻ എംഡി ഇപ്പോൾ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം എ.ഐ. ക്യാമറ ഇടപാടിൽ കെൽട്രോൺ ഉപകരാർ നൽകിയതിൽ തെറ്റില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെൽട്രോൺ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകൾ പൊതുജനമധ്യത്തിൽ വരും. ഉപകരാർ സംബന്ധിച്ച വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുകമറയുണ്ടായിട്ട് എല്ലാം അഴിമതിയാണെന്ന് പറയുന്നതിൽ കഴമ്പില്ല. സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട വളരെ വലിയൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

