ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചതോടെ വ്യാപക സംഘര്‍ഷം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ അപമാനിച്ചുവെന്നാരോപിച്ചാണ് ഗോത്രവര്‍ഗ സംഘടനകള്‍ മുഖ്യമന്ത്രിയുടെ വേദിക്കു തീ കൊളുത്തിയത്. ബി ജെ പി സര്‍ക്കാര്‍ സംരക്ഷിത വനങ്ങളും തണ്ണീര്‍ത്തടങ്ങള്‍ പോലുള്ളവയും സര്‍വേ ചെയ്യുന്നതിനെ എതിര്‍ക്കുന്ന ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
ജില്ലയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയുള്ള ചുരാചാന്ദ്പൂര്‍ ജില്ലയില്‍ ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ വേദിയാണ് അഗ്‌നിക്കിരയാക്കിയത്. ജനക്കൂട്ടം ഉദ്ഘാടന സദസ്സിലെ കസേരകള്‍ തല്ലിപ്പൊട്ടിക്കുന്നതും മറ്റ് സാധനങ്ങള്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോത്രവിഭാഗങ്ങളോട് സര്‍ക്കാരിന് ചിറ്റമ്മനയമാണെന്ന് ആരോപിച്ച് കുകി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷനും രംഗത്തെത്തിയിട്ടുണ്ട്.

